An IIPM Initiative
Wednesday, മെയ് 4, 2016
 
 

അഭിമുഖം

പുതിയ ഇടതുപക്ഷം അനിവാര്യം

 

ആഗോള മാറ്റത്തിന്‍റെ സങ്കീര്‍ണതകളെ അഭിമുഖീകരിച്ച് കുതിച്ചും കിതച്ചും മുന്നേറുന്ന മലയാളിയുടെ സ്വത്വം, ചരിത്രം, ഭാവി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുളള മൌലിക ചിന്തകള്‍ പ്രശസ്ത കവി സച്ചിദാനന്ദന്‍ ടി എസ്ഐ യുടെ ശ്രീകുമാര്‍ എ. ടി യുമായി പങ്കുവെക്കുന്നു.
സച്ചിദാനന്ദന്‍/ ശ്രീകുമാര്‍ എ ടി | ജൂണ് 8, 2011 10:31
 

മലയാളി എന്ന ഒരു സ്വത്വബോധം രൂപപ്പെട്ടിട്ടുണ്ടോ? വിശദീകരിക്കാമോ?
നാം നവോത്ഥാനം എന്നുവിളിക്കുന്ന ഉണര്‍ച്ചയുടെ ഘട്ടത്തിലാണ് മലയാളി എന്ന സങ്കല്‍പം  കുറച്ചൊക്കെ രൂപം കൊളളുന്നത്. എന്നാല്‍, അതു പലപ്പോഴും നമ്പൂതിരി മലയാളി, നായര്‍ മലയാളി , ഈഴവ മലയാളി എന്ന മട്ടില്‍ ആയിരുന്നു. ഐക്യ കേരള പ്രസ്ഥാനത്തിന്‍റെ കാലത്ത് കേരളീയര്‍ എന്നൊരു സങ്കല്‍പം ഉണ്ടായിവന്നു. അതിന്‍റെ പ്രധാന അര്‍ത്ഥം മലയാള ഭാഷ സംസാരിക്കുന്നവര്‍ എന്നതായിരുന്നു. മലയാള സാഹിത്യം എന്ന സങ്കല്‍പവും, ഏതാണ്ട് എഴുത്തച്ഛന്‍റെ കാലം മുതല്‍ക്കെങ്കിലും രൂപപ്പെട്ടുവന്നു. ശരിക്കു പറഞ്ഞാല്‍ ഭാഷ മാത്രമാണ് നമുക്ക് പൊതുവായി ഉണ്ടെന്നുപറയാവുന്നത്. അതിനും, വടക്ക്-നടുക്ക്- തെക്ക് വകഭേദങ്ങള്‍ ഉണ്ടെങ്കിലും , അവ ഒരു ഭാഷയുടെ വാമൊഴി രൂപങ്ങള്‍ ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്, കന്നട കലര്‍ന്ന മലയാളം ആണെങ്കിലും അതും ഒരു വകഭേദമായി കാണപ്പെടുന്നു. ഇതു തന്നെയാണ് അറബി മലയാളത്തിന്‍റെയും സ്ഥിതി. പിന്നീട്, സമീപകാലത്താണ് മലയാളി സ്വത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയത്. എണ്‍പതുകളില്‍ ‘മലയാളി ദേശീയത’െയക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യം നല്‍കിയത് കെ. വേണുവിന്‍റെ ചില നിലപാടുകള്‍ ആയിരുന്നുവെന്നുതോന്നുന്നു ;  മുമ്പ് ഇ. എം. എസ് ആണ് ഈ ചര്‍ച്ച തുടങ്ങിയിരുന്നത് എങ്കിലും. (‘കേരളം മലയാളികളുടെ മാതൃഭൂമി ’എന്ന പുസ്തകം ഓര്‍ക്കുക). എങ്കിലും നമ്മുടെ നവോത്ഥാനത്തെ  സവര്‍ണര്‍  ഏറ്റെടുത്ത പോലെതന്നെ ഈ ചര്‍ച്ചയും സവര്‍ണര്‍ അവരുടേതാക്കി. അപ്പോള്‍ കഥകളിയും ഓണവും കുഞ്ഞിരാമന്‍ നായര്‍ കവിതയും മറ്റും മാത്രമാണ് ‘കേരളീയത’ എന്നുവന്നു. വാസ്തവത്തില്‍ നമ്മുടെ മലയാള ഭാഷതന്നെ ഒരു സങ്കര ഭാഷയാണ്. സംസ്കൃതം, ദ്രാവിഡം എന്നീ പ്രധാന ഘടകങ്ങള്‍ കൂടാതെ അറബിയും പേര്‍ഷ്യനും ഇംഗ്ലീഷും പോര്‍ത്തുഗീസും ഉള്‍പ്പെടെ ഏറെ പ്രഭവങ്ങള്‍ അതിന് ഉണ്ടല്ലോ. കക്കൂസ്, മേശ, കസേര തുടങ്ങിയ സാധാരണ പദങ്ങള്‍ പോലും പോര്‍ത്തുഗീസ് ആണ്. ഡസ്ക് മുതല്‍ കമ്പ്യൂട്ടര്‍ വരെ നൂറുകണക്കിന് ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ട്. നമ്മുടെ സംസ്കാരവും സങ്കരം ആണ്. പല മതങ്ങള്‍, പല പ്രാദേശിക ആചാരങ്ങള്‍ , അമ്പലങ്ങളിലേയും പളളികളിലേയും ഉത്സവങ്ങള്‍, മധ്യ ധരണ്യാഴിയും ലങ്കയും മുതല്‍ കര്‍ണാടകം വരെ പല ഇടങ്ങളിലും നിന്നുവന്ന ആളുകള്‍. മലയാളം ഒഴികെ നമുക്ക് പൊതുവായി എന്തെങ്കിലും ഉണ്ട് എന്നത് ഒരു നിര്‍മിത  സങ്കല്‍പം  മാത്രം ആണ്.  

ഇടതു പക്ഷ ചിന്തയുടേയും, യുക്തിപരമായ സമീപനത്തിന്‍റേയും കാര്യത്തില്‍ മറ്റേതൊരു  സംസ്ഥാനത്തേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നവരെന്നു നാം അഭിമാനിക്കുകയോ, മേനി നടിക്കുകയോ ചെയ്യുന്നുണ്ട്. നമ്മുടെ പ്രബുദ്ധത നാം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടോ? നമ്മുടെ പ്രബുദ്ധതയെ പുനരവലോകനം ചെയ്യേണ്ടതുണ്ടോ?
 ഒരോ തവണ കേരളത്തില്‍ വരുമ്പോഴും ആള്‍ദൈവങ്ങളും, അമ്പലങ്ങളും പളളികളും ജ്യോത്സ്യന്മാരും മന്ത്രവാദികളും കൂടിക്കൂടി വരുന്നതാണ് ഞാന്‍ കാണുന്നത്. ഒപ്പം എല്ലാ വര്‍ഗീയതകളും മൌലിക വാദങ്ങളും കൂടുതല്‍ക്കൂടുതല്‍ ശക്തമാകുന്നു. പ്രബുദ്ധ കേരള സങ്കല്‍പത്തിന്‍റെ ഓരത്ത് മാത്രമാണ് മുസ്ലിങ്ങളും ദളിതരും.  ആദിവാസികളാകട്ടെ, നാട്ടില്‍ ഭ്രഷ്ടരുമാണ്. മുമ്പ് പിന്നോക്കം നിന്നിരുന്നവരില്‍ ഈഴവര്‍ മാത്രമാണ് കുറെ  എങ്കിലും മുന്നോട്ടുവന്നു എന്ന് പറയാവുന്നത്. അതിനു കാരണം, ശ്രീനാരായണ ഗുരു വിദ്യക്ക് നല്‍കിയ പ്രാഥമ്യം ആണ്. തുടര്‍ന്ന് ഡോ. പല്‍പു, കുമാരനാശാന്‍, സി, വി, കുഞ്ഞിരാമന്‍, പളളത്ത് രാമന്‍ തുടങ്ങിയവര്‍ ആ  സമുദായത്തെ മുന്നോട്ടു നയിച്ചു. ഇപ്പോള്‍ അതെല്ലാം വെളളാപ്പിളളി നടേശനെപ്പോലുളളവര്‍ക്ക് മൂലധനം ആയി എങ്കിലും. നാരായണനില്‍ നിന്ന് നടേശനിലേക്കുളള ദൂരം അളന്നാല്‍ത്തന്നെ കേരളത്തിന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ചൊരു രൂപം കിട്ടും. പിന്നെയാണ് കരിസ്മാറ്റിക്ക് ധ്യാനങ്ങളും, ദുര്‍മന്ത്രവാദവും മറ്റും. രാഷ്ട്രീയത്തിന്‍റെ സ്ഥിതി ഒട്ടും മെച്ചമല്ല. ഗാന്ധിയന്‍മാരും, ആദ്യ കാല കമ്മ്യൂണിസ്റ്റുകളും, കാണിച്ച മാതൃകകള്‍ വിസ്മൃതമായി. അതിരില്ലാത്ത സന്ധിചെയ്യല്‍ ആണ് എവിടെയും. അഴിമതി കലശല്‍. ഇടതു- വലതു വ്യത്യാസം കുറഞ്ഞുവരുന്നു. 

പൊതുവേ ഇടതുപക്ഷ- പുരോഗമന  അവബോധം കാത്തുസൂക്ഷിക്കുന്ന കേരളം, എന്തുകൊണ്ട് വലിയ കണ്‍സ്യൂമര്‍ സംസ്കാരമുളള സംസ്ഥാനമായി മാറി?
 വാണിഭ സംസ്കാരത്തെ തടയുന്നതില്‍ നമ്മുടെ എല്ലാ പക്ഷങ്ങളും  പരാജയപ്പെട്ടു. അതിന്‍റെ ദുര്‍ധാര്‍മികതയാണ് ഇന്ന് നമ്മെ ഭരിക്കുന്നത്. എ
ങ്ങും മത്സരത്തിന്‍റെ ‘ ഈതോസ്’ ശക്തം, വിദ്യാഭ്യാസം, കല, മാധ്യമങ്ങള്‍ തുടങ്ങിയ എല്ലായിടത്തും.... 

ഒരു കവിയും ചിന്തകനുമായ താങ്കള്‍ നിലവിലുളള മലയാളി സ്വത്വവുമായി എന്തെല്ലാം കാര്യങ്ങളില്‍ വിയോജിക്കുന്നു?
 മലയാളം ഭാഗ്യവശാല്‍ മരിച്ചിട്ടില്ല. നമ്മുടെ സര്‍വ മത സംസ്കാരം, അതിനേറ്റ മുറിവുകളെ അതിജീവിക്കാന്‍ ശ്രമിക്കുന്നു. അങ്ങിങ്ങായി പ്രതിരോധത്തിന്‍റെ ഇടങ്ങള്‍ ബാക്കിയുണ്ട്. അവ ഏറെയും പാര്‍ട്ടികള്‍ക്ക്
പുറത്ത് ആണ്. ദലിത്-ആദിവാസി സമരങ്ങള്‍, ഭൂസമരങ്ങള്‍, കൊക്കകോളക്കും എന്‍ഡോസള്‍ഫാനും എതിരെ നടന്ന ചെറുത്തുനില്‍പ്പുകള്‍ ഇതൊക്കെയേ എടുത്തുപറയാനുളളൂ. 

കേരളത്തിന് ഒരു ബദല്‍ സാസ്കാരിക, രാഷ്ട്രീയ അജണ്ടയുടെ ആവശ്യകതയുണ്ടോ.? അതിന്‍റെ  സ്വരൂപത്തെപ്പറ്റിയുളള താങ്കളുടെ ചിന്ത പങ്കുവെക്കാമോ?
ഞാന്‍ എ
ല്ലാക്കാലത്തും വാദിച്ചിട്ടുളളത് ഒരു പുതിയ ഇടതുപക്ഷത്തിനു വേണ്ടിയാണ്. ഇത് കീഴാളര്‍ക്കും  ന്യൂനപക്ഷങ്ങള്‍ക്കും മുഖ്യസ്ഥാനം നല്‍കുന്നതും, സ്ത്രീ സ്വാതന്ത്ര്യം,  ആവിഷ്കാര സ്വാതന്ത്ര്യം പൊതു ഇടങ്ങളുടെ നിലനിര്‍ത്തല്‍ തുടങ്ങിയവയെ പ്രധാനമായി എടുക്കുന്നതും, വാണിഭ സംസ്കാരത്തെയും ആഗോളവല്‍കരണത്തിന്‍റെ സാംസ്കാരിക പ്രത്യാഘാതങ്ങളെയും ചെറുക്കുന്നതും ആയ ഒരു വിശാല ജനമുന്നേറ്റം ആകണം. പാര്‍ട്ടി ആകേണ്ടതില്ല. ഇതിന്‍റെ അടിസ്ഥാനം വായു, ഭൂമി, വെളളം, സംസ്കാരം, വിജ്ഞാനം എന്നിവ പൊതുമുതല്‍ ആണെന്ന സങ്കല്‍പം ആണ്. ഒപ്പം അത് പരിസ്ഥിതി നാശം വരുത്താത്ത വികസന മാതൃകകള്‍ മുന്നോട്ടുവെക്കണം. ഫ്രീ സോഫ്റ്റ്വെയര്‍ പ്രസ്ഥാനം മുതല്‍  ഭൂസമരവും പരിസ്ഥിതി പ്രസ്ഥാനങ്ങളും വരെ ഉളളവയുടെ അടിസ്ഥാനം ഇതാണ്,  അഥവാ ആകണം. ഈ രചന വിലയിരുത്തുക:
മോശം നല്ലത്    
ഇപ്പോഴത്തെ നിലവാരം 3.6
Post CommentsPost Comments

Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/tsiplanm/public_html/article.php on line 568

Warning: Invalid argument supplied for foreach() in /home/tsiplanm/public_html/article.php on line 581
ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത