An IIPM Initiative
Monday, മെയ് 2, 2016
 
 

കാക്കനാടന്‍ ഇനി ഓര്‍മ്മ

 

കൊല്ലം, ഒക്ടോബര് 19, 2011 11:27
 

പ്രമുഖ മലയാള സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെ 8.15ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലത്തെ സ്വപ്നമായിരുന്ന ക്ഷത്രിയന്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കാനാവാതെയാണ് കാക്കനാടന്‍ വിടപറഞ്ഞത്.

പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ രാവിലെ 8.15 ന് ആയിരുന്നു അന്ത്യം. ഏറെക്കാലമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ അമ്മിണിയും ബന്ധുക്കളും മരണസമയത്ത്   ഒപ്പമുണ്ടായിരുന്നു.

കരള്‍രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ അവസ്ഥ ഇന്നലെ വൈകീട്ടോടെ വഷളാവുകയായിരുന്നു.
ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീസ് കാക്കനാടന്‍റെ മകനായി ഏപ്രില്‍ 23നു തിരുവല്ലയിലാണ് ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ ജനിച്ചത്. ബി എസ് സി പഠന ശേഷം രണ്ട് വര്‍ഷം സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കി. 1957മുതല്‍ നാലു വര്‍ഷം സതേണ്‍ റെയില്‍വേയിലും 1961 മുതല്‍ 1967 വരെ റെയില്‍വേ മന്ത്രാലയത്തിലും ജോലി ചെയ്തു. അതിനിടയില്‍ ആഗ്രാ യൂണിവേഴിസിറ്റിയുടെ കീഴിലുള്ള ഘാസിയാബാഗ് എം.എം.എച്ച് കോളജില്‍ എം.എ (ഇക്കണോമിക്‌സ്)യ്ക്ക്  ഒരു വര്‍ഷം പഠിച്ചു. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡെല്‍ഹിയിലായിരുന്ന കാലത്ത്, 1963ല്‍ അദ്ദേഹത്തിന്‍റെ ആദ്യ കഥാസമാഹാരമായ കച്ചവടം പുറത്തിറങ്ങി. ഡെല്‍ഹിയിലെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ മുന്‍കൈയ്യിലാണ് ആ സമാഹാരം വെളിച്ചം കണ്ടത്. 1967ല്‍ ജര്‍മ്മനിക്കു പോയി. ലൈപ്‌സിഗില്‍ ആറുമാസം ഭാഷ പഠിച്ചു. ഇക്കാലയളവില്‍ കുറെക്കാലം യൂറോപ്പ് മുഴുവന്‍ അലഞ്ഞുനടന്നു. 1968 അവസാനം കേരളത്തില്‍ തിരിച്ചെത്തി. കൊല്ലത്ത് സ്ഥിര താമസമാക്കി.

യുദ്ധാവസാനം എന്ന കഥയ്ക്ക് ലഭിച്ച 1971 ലെ മലയാളനാട് ചെറുകഥാ അവാര്‍ഡാണു കാക്കനാടനു കിട്ടിയ ആദ്യ ബഹുമതി. പിന്നീട് നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന്‍റെ വഴിയേ എത്തി. ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍ എന്ന കഥാസമാഹാരത്തിന് വിശ്വദീപം അവാര്‍ഡും ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടി. 1996ലെ മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് ഉഷ്ണമേഖലയ്ക്കു ലഭിച്ചു.കേരള സാഹിത്യ അക്കാദമി അവാര്‍ഡി(2003)നുപുറമെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005) , ബാലാമണിയമ്മ പുരസ്‌കാരം(2008), മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2008ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.

അദ്ദേഹത്തിന്‍റെ രചനകളെ ആസ്പദമാക്കി സിനിമകളും പുറത്തിറങ്ങി. 'പറങ്കിമല'യും 'അടിയറവ്' എന്ന കഥയെ ആസ്പദമാക്കി 'പാര്‍വതി' എന്ന ചിത്രവും 'ചിതലുകള്‍' എന്ന കഥ അവലംബിച്ച് 'ഉണ്ണിക്കൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസ്' എന്ന സിനിമയും നിര്‍മ്മിക്കപ്പെട്ടു. അജ്ഞതയുടെ താഴ്‌വര, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ഓതോറ, ഉഷ്ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. കമ്പോളം എന്ന നോവലാണ് അവസാനം പുറത്തിറങ്ങിയ കൃതി. എറെക്കാലമായി സ്വപ്‌നം കണ്ടിരുന്ന ക്ഷത്രിയന്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കാനാവാതെയാണ് കാക്കനാടന്‍ മലയാള സാഹിത്യലോകത്തോട് വിടപറഞ്ഞത്.
പോളയത്തോട് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നാളെ ഉച്ചക്ക് ശേഷം സംസ്‌കരിക്കും.


 

ഈ രചന വിലയിരുത്തുക:
മോശം നല്ലത്    
ഇപ്പോഴത്തെ നിലവാരം 1.0
Post CommentsPost Comments
ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത