An IIPM Initiative
Thursday, മെയ് 5, 2016
 
 

ലോകത്തു വേണ്ടത്

ആണവ ചെകുത്താന്‍റെ അന്ത്യം

 

രാജ്യങ്ങള്‍ അണുശക്തിക്ക് ചെലവിടുന്നത് യുഎന്നിനെ പരിഹസിക്കലാണ്
ഡെസ്മണ്ട് ടുട്ടു | ജൂലായ് 9, 2011 15:02
 


അണ്വായുധ നിര്‍മാര്‍ജ്ജനം ലോകാഭിലാഷമാണ്. എങ്കിലും ഈ ഉപകരണങ്ങളില്ലാത്ത ഒരു ഭാവിക്ക്  ഒറ്റ ആണവരാഷ്ടവും തയ്യാറാകുന്നില്ല. എല്ലാവരും ആണവശേഷിക്കായി ശതകോടിക്കണക്കിന് ഡോളറുകള്‍ ധൂര്‍ത്തടിക്കുകയും യുഎന്‍ നിരായുധീകരണ പ്രതിജ്ഞയെ പരിഹാസ്യമാക്കുകയുമാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയ ദുരന്തം അരുതാത്ത കാര്യങ്ങള്‍ സംഭവിച്ചേക്കാം എന്നതിനെക്കുറിച്ചുളള ഭയാനകമായ ഒര്‍മപ്പെടുത്തലാണ്. ചില രാഷ്ട്ര നേതാക്കള്‍ക്ക് ഈ ദുരന്തം പ്രേരണയാകേണ്ടതുണ്ട്. 

ഈയാഴ്ച്ച അഞ്ച് അണ്വായുധ രാഷ്ട്രങ്ങളിലെ - അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന- പാരീസില്‍ സമ്മേളിച്ച് കഴിഞ്ഞ വര്‍ഷത്തെ ആണവ നിരായുധീകരണ ഉടമ്പടി (എന്‍പിടി) അവലോകന സമ്മേളനത്തില്‍ അവര്‍ അംഗീകരിച്ച ആണവ നിരായുധീകരണം നടപ്പാക്കുന്നതിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. ആണവായുധ വിമുക്ത ഭാവി എന്ന വീക്ഷണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അവരുടെ ദൃഢനിശ്ചയത്തിന്‍റെ പരീക്ഷണമാകും അത്.
 
ഈ പൈശാചിക ആയുധങ്ങളുടെ വ്യാപനം തടയുന്നതിനെയും ഉപയോഗം ഒഴിവാക്കുന്നതിനെയും ഗൌരവത്തോടെയാണ് അവര്‍ കാണുന്നതെങ്കില്‍ ഇവ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് അവര്‍ ഊര്‍ജസ്വലമായും വേഗത്തിലും പ്രവര്‍ത്തിക്കും. എല്ലാ രാജ്യങ്ങള്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കണം: പൂജ്യം. ആരുടെ കൈവശമാണെങ്കിലും ആണവായുധങ്ങള്‍ ഹൃദയശൂന്യമാണ്. അവരുടെ കൊടി ഏതാണെങ്കിലും മാനവരാശിക്ക് വിവരിക്കാനാവാത്ത യാതനയാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ ആയുധങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം, അവയുടെ ഉപയോഗ ഭീഷണി തുടരുവോളം- യാദൃച്ഛികമായാലും തനി ഭ്രാന്ത് മൂല മായാലും- അത് തുടരും. 

യുഎസും റഷ്യയും തമ്മിലുളള സ്റ്റാര്‍ട്ട് കരാര്‍ ശരിയായ ദിശയിലേക്കുളള ഒരു ചുവടുവയ്പാണെങ്കിലും ആഗോളതലത്തില്‍ ആണവായുധങ്ങളുടെ 95%വും കൈവശമുളള മുന്‍ ശീതയുദ്ധ ശത്രുക്കളുടെ ആണവ സാമഗ്രികളുടെ ഉപരിതലത്തില്‍ മാത്രമേ സ്പര്‍ശിക്കുന്നുളളൂ. അതിലുപരി ഈ രാജ്യങ്ങളുടെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആണവായുധ വിമുക്ത ലോകത്തിനുളള അവരുടെ പിന്തുണയോട് പൊരുത്തപ്പെടുന്നില്ല. അമേരിക്ക തങ്ങളുടെ വാര്‍ഷിക ആണവായുധ ബജറ്റ് തുകയായ 50 ബില്യണ്‍ ഡോളറിനെ കവച്ചുവെക്കുന്ന തോതില്‍ അടുത്ത ഒരു ദശാബ്ദക്കാലത്തേക്ക് ആണവ ശേഖരം വിപുലീകരിക്കുന്നതിന് 185 ബില്യണ്‍ ഡോളര്‍ നീക്കിവെച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. 

റഷ്യയും ഭീമമായ ആണവായുധ ആധുനികവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിനിടെ, ബ്രിട്ടീഷ് നേതാക്കള്‍ തങ്ങളുടെ പഴഞ്ചന്‍ മുങ്ങിക്കപ്പല്‍ വ്യൂഹമായ ട്രൈഡന്‍റ് പുതുക്കി പണിയുന്നതിന് 76 ബില്യണ്‍ പൌണ്ട് (121 ബില്യണ്‍ ഡോളര്‍) അതിലൂടെ ആണവ നിരായുധീകരണത്തിന് നേതൃത്വം നല്‍കാനുളള ചരിത്രപരമായ അവസരമാണ് അവര്‍ കയ്യൊഴിയുന്നത്. 

രാജ്യത്തിന്‍റെ ആണവ ശേഖരം വര്‍ധിപ്പിക്കാനായി നിക്ഷേ പിക്കുന്ന ഒരോ ഡോളറും സ്കൂളുകള്‍, ആശുപത്രികള്‍, മറ്റ് സാമൂഹിക സേവന മേഖലകള്‍ എന്നിവയില്‍ നിന്നുളള വിഭവ ങ്ങളുടെ വഴിതിരിച്ചുവിടലാണ്. ലോകത്തെമ്പാടുമുളള മനുഷ്യ രുടെ വിശപ്പിനും അടിസ്ഥാന മരുന്നുകള്‍ക്കും വേണ്ടിയുളള ദശലക്ഷക്കണക്കിന് ഡോളര്‍ കൊളളയടിക്കലാണിത്. കൂട്ട നാശത്തിനുളള ആയുധങ്ങള്‍ക്ക് വേണ്ടി നിക്ഷേപിക്കുന്നതിനു പകരം മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാരുകള്‍ വിഭവങ്ങള്‍ നീക്കിവെക്കേണ്ടത്.

രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് ആണവായുധങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ തരണം ചെയ്യപ്പെടേണ്ട ഏക തടസം. ജൈവായുധങ്ങളും രാസായുധങ്ങളും മുതല്‍ കുഴിബോംബുകളും ക്ലസ്റ്റര്‍ ബോംബുകളും വരെയുളള മനുഷ്യത്വ വിരുദ്ധമായ ആയുധങ്ങള്‍ നിരോധിക്കുന്നതിന് നിലവിലുളള കരാറുകള്‍ക്ക് സമാനമായ രീതിയില്‍ ആണവായുധ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കണമെന്ന് യുഎന്നിലെ മൂന്നില്‍ രണ്ട് അംഗ രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ഒരു ഉടമ്പടി നടപ്പാക്കാന്‍ കഴിയുന്നതും അടിയന്തിരമായി നടപ്പാക്കേണ്ടതുമാണ്. 

ആണവായുധങ്ങള്‍ കണ്ടുപിടിക്കാതിരിക്കാന്‍ കഴിയില്ല എന്നത് ശരിയാണ്, എന്നാല്‍ ആണവ നിരായുധീകരണം അസാധ്യമായ സ്വപ്നമാണെന്ന് ഇതിനര്‍ത്ഥമില്ല. കാര്യമായ നേട്ടമുണ്ടാകില്ലെന്ന് ബോധ്യപ്പെട്ട രാജ്യങ്ങള്‍ ആണവായുധ പദ്ധതികള്‍ ഉപേക്ഷിച്ചു. ശീതയുദ്ധകാലത്ത് 68,000ഒളം ഉണ്ടായിരുന്ന ആണവ പോര്‍മുനകളുടെ എണ്ണം ഇപ്പോള്‍ 20,000 ആയി ചുരുങ്ങി. 

ആണവായുധങ്ങള്‍ എല്ലാ നഗരങ്ങള്‍ക്കും മനുഷ്യത്വരഹിതമായ ഭീഷണിയാണെന്ന് ക്രമേണ ഒരോ രാജ്യവും അംഗീകരിക്കും. അത്തരം ആയുധങ്ങളില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ലോകം നേടാനായി അവര്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ആണവ ഭ്രാന്തിനെതിരെ ലോകത്തെ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റാല്‍ മാത്രമേ അങ്ങനെ ഒരു ലോകം യാഥാര്‍ത്ഥ്യമാകൂ.


(നൊബേല്‍ പുരസ്കാര ജേതാവും അന്താരാഷ്ട്ര ആണവ നിരായുധീകരണ പ്രസ്ഥാനത്തിന്‍റെ അനുഭാവിയുമാണ് ലേഖകന്‍) 

ഈ രചന വിലയിരുത്തുക:
മോശം നല്ലത്    
ഇപ്പോഴത്തെ നിലവാരം 0
Post CommentsPost Comments
ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത