An IIPM Initiative
Friday, മെയ് 6, 2016
 
 

ഡെല്‍ഹി@ 100, ’കേരള്‍ ബാഗ്’ @ 65

 

ലക്‌ഷ്മി അജിത്കുമാര്‍ | ന്യൂഡെല്‍ഹി, ഡിസംബര് 22, 2011 10:48
 


> ഡെല്‍ഹി ജനസംഖ്യയുടെ എട്ട് ശതമാനം മലയാളികള്‍
> എല്ലാ രംഗത്തും മലയാളിയുടെ നിറഞ്ഞ സാന്നിദ്ധ്യം
> ലക്‌ഷ്യം മലയാളി കൌണ്‍സിലര്‍: ഡെല്‍ഹി മലയാളി അസോസിയേഷന്‍

> കേരള്‍ ബാഗ് എന്നാണ് കരോള്‍ ബാഗ് അറിയപ്പെട്ടിരുന്നത്
ലസ്ഥാന നഗരിയുടെ ഗോള്‍ഡന്‍ ജൂബിലിയാണ് ഈ വര്‍ഷം. ഒരു വര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്കാണ് ഡല്‍ഹി സാക്‌ഷ്യം വഹിക്കുക. ഡെല്‍ഹി നൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ തലസ്ഥാനചരിത്രത്തിന്‍റെ എല്ലാ മേഖലകളിലും തലയുയര്‍ത്തി നില്‍ക്കുന്ന മലയാളി സമൂഹവും ആവേശത്തിലാണ്.

കേരളീയര്‍, തമിഴര്‍, പഞ്ചാബികള്‍, ഗുജറാത്തികള്‍, വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍, പാകിസ്ഥാനില്‍ നിന്നെത്തിയവര്‍ എന്നിങ്ങനെ ഒഴുകിയെത്തിയ നിരവധി ജനസമൂഹങ്ങള്‍ അടങ്ങിയ ഒരു വലിയ സഞ്ചയമാണ് "ഡല്‍ഹിക്കാര്‍" എന്ന സംവര്‍ഗം. 1941 മുതലാണ് ഡല്‍ഹിയിലേക്കുളള കുടിയേറ്റം ആരംഭിച്ചത്. 1946 ന് ശേഷം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചു. വിഭജനവും ഇതിനു കാരണമായി. എന്നാല്‍ മാലയാളികളടക്കമുളള തെക്കേ ഇന്‍ഡ്യക്കാരുടെ പ്രവാഹത്തില്‍ വര്‍ധനയുണ്ടായത് 1946-50 കാലത്താണ്. ആ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ തസ്തികകള്‍ ഏതാണ്ട് തെക്കേ ഇന്‍ഡ്യക്കാര്‍ക്ക് മാത്രം ഒഴിച്ചിട്ടത് പോലെയായിരുന്നു. അവരില്‍ തന്നെ കൂടുതല്‍ സ്ഥാനം മലയാളികള്‍ക്ക് ലഭിച്ചു. (പണ്ട്, കേരളത്തില്‍ ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കൂണുപോലെ പൊന്തിയത് ഡെല്‍ഹിയെക്കൂടി ലക്‌ഷ്യം വെച്ചുകൊണ്ടായിരുന്നിരിക്കണം.) പിന്നീട് ആതുരസേവനത്തിന്‍റെ പാതയിലൂടേയും സൈനിക സേവനത്തിലൂടേയും മലയാളികള്‍ ഇവിടെ ഇടം കണ്ടെത്തി. ഇന്നും മികച്ച നഴ്സുമാര്‍ മലയാളികള്‍ തന്നെയെന്ന് ഡല്‍ഹിയും പറയും. 

നേരത്തെ ഇടം പിടിച്ച ഉത്തരേന്‍ഡ്യക്കാര്‍ക്ക് തെക്കേ ഇന്‍ഡ്യക്കാരുടെ വരവ് അത്ര രസിച്ചില്ലെങ്കിലും സ്വന്തമായൊരു ‘സ്പേസ്’ ഉണ്ടാക്കുന്നതില്‍ കേരളീയര്‍ വിജയിച്ചു. ഇവിടെ ഒരു മലയാളി സംസ്കാരം ഉണ്ടാക്കാന്‍ അവര്‍ക്കായി. അതിനുദാഹരണമാണ് നഗരത്തിന്‍റെ കണ്ണായ ഭാഗങ്ങളായ മയൂര്‍ വിഹാറിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രവും ആര്‍.കെ.പുരത്തെ അയ്യപ്പ ക്ഷേത്രവും. രണ്ടും കേരള മാതൃകയിലാണ് പണികഴിപ്പിച്ചിട്ടുളളത്. പൂജാവിധികളും കേരളത്തിലെ ക്ഷേത്രങ്ങളിലുളളത് പോലെ തന്നെ. ഇവിടത്തെ നിത്യസന്ദര്‍ശകരില്‍ ഉത്തരേന്‍ഡ്യക്കാരും നിരവധി. 

അന്ന് ഡല്‍ഹി ഇത്ര വലുതായിരുന്നില്ല. ഡല്‍ഹിയുടെ ഹൃദയഭാഗങ്ങളായ ലോധി റോഡ്, കരോള്‍ ബാഗ്, വിജയ്നഗര്‍ എന്നിവടങ്ങളിലായിരുന്നു മലയാളികളുടെ താവളം... കരോള്‍ ബാഗിലാണ് കൂടുതല്‍ പേരും താമസമാരംഭിച്ചത്. കാരണം കേന്ദ്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കരോള്‍ ബാഗിലെത്തിപ്പെടാന്‍ എളുപ്പമായിരുന്നു.  അതുകൊണ്ട് തന്നെ കരോള്‍ ബാഗ് അറിയപ്പെട്ടിരുന്നത് ‘കേരള്‍ ബാഗ്’ എന്നായിരുന്നുവത്രേ... ഇന്ന് ഡെല്‍ഹി മലയാളികള്‍ തലസ്ഥാനത്തെ ജനസംഖ്യയുടെ എട്ട് ശതമാനമായി വളര്‍ന്നിരിക്കുന്നു.

കേരളത്തെ പോലെ ഡല്‍ഹിയും തനിക്ക് ഒരു പോലെ പ്രിയങ്കരമാണെന്ന് ഭാരതീയ വിദ്യാഭവന്‍റെ കീഴിലുളള എസ്.പി. കോളെജ് പ്രിന്‍സിപ്പലും 1951 മുതല്‍ ഡെല്‍ഹി മലയാളികളുടെ ഇടയിലെ നിറസാന്നിദ്ധ്യവുമായ ഓംചേരി എന്ന പ്രൊഫ. എന്‍.എന്‍.പിളള ടി എസ് ഐ യോട് പറഞ്ഞു. “കഴിവുളളവരെ അംഗീകരിക്കാന്‍ ഡല്‍ഹി ഒരിക്കലും മടി കാണിച്ചിട്ടില്ല.... വിദ്യാഭ്യാസം വളരെ കുറവാണെങ്കില്‍ പോലും...ആദ്യ നാളുകളില്‍ ഇവിടെയെത്തിയ ആര്‍.ജി.കുറുപ്പ് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വെറും നാലാം ക്ലാസ് മാത്രം പഠിപ്പുളള ആദേഹം പ്രമുഖ കമ്പനിയായ ‘സ്നോവൈറ്റി’ല്‍ കയറിക്കൂടിയത് ക്ലാര്‍ക്കായി....പിന്നീട് പടിപടിയായി ഉയര്‍ന്ന് അദ്ദേഹം കമ്പനി ജി.എം ആയത് എല്ലാവരേയും അതിശയിപ്പിച്ചു.” ഓംചേരി ഓര്‍ക്കുന്നു. 
     
ആദ്യകാലങ്ങളില്‍ മലയാളികളെ അവജ്ഞയോടെയാണ് ഉത്തരേന്‍ഡ്യക്കാര്‍ കണ്ടെതെന്ന് ഓംചേരി ഓര്‍ക്കുന്നു. ഇത്രയും വര്‍ഷമായിട്ടും  അദ്ദേഹം ഹിന്ദി പഠിച്ചിട്ടില്ല. “ഒരിക്കല്‍ ടെലഗ്രാം അയക്കാനോ മറ്റോ തപാലാപീസില്‍ പോയതാണ്. അന്ന് അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ ഞാന്‍ നല്‍കി. എന്നാല്‍ ഇംഗ്ലീഷ് മനസിലായിട്ടും ഹിന്ദിയില്‍ വിവരങ്ങള്‍ നല്‍കാന്‍ എന്നോടവര്‍ ആവശ്യപ്പെട്ടു. അന്ന് ഞാന്‍ തീരുമാനിച്ചു. ഹിന്ദി പഠിക്കില്ലെന്ന്.” ആകാശവാണിയില്‍ ജോലി കിട്ടിയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.   

പുറത്തുനിന്നെത്തുന്നവരോടുള്ള 'അസ്കിത' ഡെല്‍ഹി പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. പുറത്ത് നിന്നെത്തുന്നവര്‍ ഡല്‍ഹിയുടെ അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കുന്നുവെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി ഷീലാ ദിക്ഷിത്ത്, ഒരു പക്ഷേ താനും ഡല്‍ഹിയിലെ വരുത്തന്‍മാരുടെ പട്ടികയില്‍ പെടുന്നുവെന്ന കാര്യം ഓര്‍ത്തിട്ടുണ്ടാവില്ല. ഏതായാലും പ്രസ്താവന വന്‍ കോലാഹലം തന്നെ സൃഷ്ടിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍  പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി തലയൂരി.
 
രാഷ്ട്രീയ തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും ഈറ്റില്ലമായ ഡല്‍ഹിക്ക് സ്വന്തമെന്ന് പറയാനൊരു സംസ്കാരമോ സ്വഭാവമോ ഇല്ല.... സ്വന്തം ഭാഷയുമില്ലെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ചേക്കേറുന്നവരുടെ സംസ്കാരമാണ് ഡല്‍ഹിക്ക്...അവരുടെ ഭാഷയാവും ഡല്‍ഹി സംസാരിക്കുക.... ഡല്‍ഹി അങ്ങനെ ആയികഴിഞ്ഞിരിക്കുന്നു....ജില്ലാ ഭരണകൂടത്തിലെ പ്രാതിനിധ്യം പരിശോധിച്ചാല്‍....അവരില്‍ 40 ശതമാനം പേരെങ്കിലും കുടിയേറ്റക്കാരായിരിക്കും. ഭരണഘടനയില്‍ പറയുന്ന നാനാത്വത്തില്‍ ഏകത്വം ഹൃദയത്തില്‍ ഉള്‍ക്കൊണ്ട് ഉത്തമ മാതൃകയാവുകയാണ് ഡല്‍ഹി ഇനി ചെയ്യേണ്ടത്. 

ഒരുപാട് കഷ്ടപ്പെട്ടാണ് കേരള വിദ്യാഭ്യാസ സോസൈറ്റിയുടെ കീഴിലുളള കേരള സ്കൂള്‍ തുടങ്ങിയതെന്ന് ഓംചേരി ഓര്‍ക്കുന്നു. തലസ്ഥാനത്ത് ഇതിനായി സ്ഥലം കണ്ടെത്തുകയായിരുന്നു പ്രധാന പ്രശ്നം. കെ.ജി മാര്‍ഗിന് സമീപമുളള സ്ഥലം വിട്ടു തരാന്‍ കേരള സര്‍ക്കാര്‍ തയാറായിരുന്നില്ലെന്നും ഓംചേരി പറയുന്നു. പക്ഷഭേദമില്ലാതെ പലരേയും കണ്ടു. എന്നിട്ടും കാര്യം നടന്നില്ല. ഒടുവില്‍ ഇ.എം.എസ്സിന്‍റേയും എ. കെ. ജിയുടേയും ഇടപെടലിനെ തുടര്‍ന്നാണ് സ്ഥലം നേടാനായത്. “തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഭാരിച്ച ഫീസ് നല്‍കി പഠിക്കാനുളള അവസ്ഥയുണ്ടായിരുന്നില്ല. നിത്യവൃത്തിക്ക് വരെ അവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതറിഞ്ഞ് നിറഞ്ഞ മനസോടെയാണ് ഇ.എം.എസും എ. കെ. ജിയും സഹായത്തിനെത്തിയത്. ഒടുവില്‍ സ്ഥലം നേടിത്തന്നതും ഞങ്ങളെ സഹായിച്ചതും അവര്‍ മാത്രമാണ്.” കെ.ജി മാര്‍ഗിന് സമീപമുളള സ്കൂളിന് പുറമേ ആര്‍. കെ. പുരം, മയൂര്‍ വിഹാര്‍ ഫേസ്-മൂന്ന്, വികാസ്പുരി എന്നിവിടങ്ങളിലുമായി നാലു കേരള സ്കൂളുകളാണുളളത്. കഥകളിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്.  

മദ്രാസി എന്ന് വിളിക്കുന്നതില്‍ അവഹേളനമൊന്നുമില്ലെന്നാണ് ഓംചേരിയുടെ വാദം...പണ്ട് ഇന്‍ഡ്യയിലെത്തിയ കുടിയേറ്റക്കാരില്‍ പാക്കിസ്ഥാനികളും ഉണ്ടായതിനാല്‍, തെന്നിന്‍ഡ്യക്കാരെ വേര്‍തിരിച്ചറിയാനാണ് മദ്രാസികള്‍ എന്ന് വിളിച്ചു തുടങ്ങിയത്. അന്ന് മദ്രാസ് എന്ന തെന്നിന്‍ഡ്യന്‍ നഗരം മാത്രമേ എല്ലാവര്‍ക്കും അറിയുമായിരുന്നുളളു. കര്‍ണ്ണാടക, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന എല്ലാവരും അവര്‍ക്ക് മദ്രാസികളായിരുന്നു. എന്നാല്‍ ഇന്ന് ആ പേര് ആരും ഉപയോഗിക്കുന്നില്ല. എന്തൊക്കെയായാലും മലയാളികള്‍ക്ക് മുറികള്‍ കിട്ടാന്‍ പ്രയാസമുളള സ്ഥലമല്ല ഡല്‍ഹി...ഒരു പക്ഷേ മറ്റു വിഭാഗക്കാരെ അപേക്ഷിച്ച് മലയാളികള്‍ക്ക് കൊടുക്കാനാവും എല്ലാവരും താല്‍പര്യപ്പെടുക. വാടക വീടിന്‍റെ കാര്യത്തില്‍ മലയാളികളെ ഏറെ വിശ്വസിക്കാമെന്ന് ഉത്തരേന്‍ഡ്യക്കാര്‍ക്കിടയില്‍ ഒരു അടക്കം പറച്ചിലുണ്ട്.  
       
1939ലാണ് കേരള ക്ലബ് തുടങ്ങിയത്. ഫോറിന്‍ സെക്രട്ടറിയും ചൈന, റഷ്യ എന്നീരാജ്യങ്ങളടെ ഇന്‍ഡ്യന്‍ അംബാസഡറുമായിരുന്ന കെ.പി.എസ് മേനോനാണ് ക്ലബിന് തുടക്കം കുറിച്ചത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി 1951 ല്‍ രൂപീകരിച്ച ഡല്‍ഹി മലയാളി അസോസിയേഷനില്‍ (ഡി.എം.എ) ഓംചേരിയും ഒരു ഭാഗമായിരുന്നു. 1949ല്‍ നിലവിലുണ്ടായിരുന്ന തൊഴിലാളി സംഘടനയാണ് ഡി.എം.എയായി രൂപപ്പെട്ടത്. ഓംചേരിക്ക് കേരള ക്ലബില്‍ പ്രവേശനമുണ്ടായിരുന്നെങ്കിലും ഡി.എം.എയിലാണ് ഓംചേരി അംഗത്വമെടുത്തത്. 

കേരള മോഡലുകളിലുളള ആഭരണങ്ങള്‍, മലബാര്‍ രുചികളൂറുന്ന ഭക്ഷണശാലകള്‍, വിവിധയിനം കറിക്കൂട്ടുകള്‍, മല്‍സ്യ-മാംസാദികള്‍ മുതല്‍ മലയാളി ഉപയോഗിക്കുന്ന ഏതൊരു വസ്തുവും സൌത്ത് എക്സ്റ്റന്‍ഷന് സമീപമുളള ഐ.എന്‍.എ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മലയാളികളുടെ മാര്‍ക്കറ്റായി ഇപ്പോഴും പറയപ്പെടുന്നത് ഐ.എന്‍.എ തന്നെയാണ്.     

“എല്ലാ മേഖലകളിലും മലയാളി മുന്‍പന്തിയിലെത്തിച്ചേരുന്നത് പതിവാണ്. കഴിവിലും ആത്മാര്‍ഥതയിലും കഠിനധ്വാനത്തിലും മലയാളിയെ കഴിഞ്ഞേ ആരുമുളളു. അതാണ് പല ഉത്തരേന്‍ഡ്യക്കാര്‍ക്കും മലയാളി അനഭിമതനാവാന്‍ കാരണം.”  ഡി.എം.എയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ എസ്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനത്തില്‍ ഒരു ഡല്‍ഹി മലയാളി കൌണ്‍സിലറാണ് അടുത്ത ലക്‌ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.       

2011 സെന്‍സസ് പ്രകാരം 16,753,235 ആണ് ഡല്‍ഹിയുടെ ജനസംഖ്യ. ഇതില്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ മുതല്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍, കംപ്യൂട്ടര്‍ ജോലി മുതല്‍ ബി.പി.ഒ, 80 ശതമാനം നഴ്സ്മാര്‍ വരെയായി 10-12 ലക്ഷത്തോളം പേര്‍ മലയാളികളാണ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി. കെ. എ നായര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു തുടങ്ങി നയതന്ത്രമേഖലകളിലും ഉന്നതാധികാര സ്ഥാനങ്ങളിലും മലയാളികള്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്. ആദ്യത്തെ പ്രതിപക്ഷനേതാവ്- എ കെ ജി- മുതല്‍ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി എ കെ ആന്‍റണി വരെ നീളുന്നു മലയാളിയുടെ നിഷേധിക്കാനാവാത്ത ഡെല്‍ഹി കണക്‌ഷന്‍. ഡല്‍ഹി കുതിക്കുന്നത് മലയാളിയായ ഇ.ശ്രീധരന്‍റെ മികവിലാണ്. സ്വതന്ത്ര ഇന്‍ഡ്യയുടെ ആദ്യത്തെ റെയില്‍വേ മന്ത്രിയും പിന്നീട് ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്‍റെ ആദ്യത്തെ ധനകാര്യമന്ത്രിയുമായ ഡോ. ജോണ്‍ മത്തായിയും ലോകം മാനിച്ച വി കെ കൃഷ്ണമേനോനുമടക്കം ഇന്ദ്രപ്രസ്ഥം അടക്കിവാണ മലയാളികളുടെ പട്ടിക ഏറെ വലുതാണ്.

അപ്പോള്‍ പിന്നെ ഒരു എം.എല്‍.എ പോയിട്ട് ഒരു മലയാളി കൌണ്‍സിലറെങ്കിലും വേണമെന്ന ഡി.എം.എയുടെ ആവശ്യത്തിന് ഡല്‍ഹിക്കാര്‍ക്ക് വഴങ്ങാവുന്നതേയുളളു...


 

ഈ രചന വിലയിരുത്തുക:
മോശം നല്ലത്    
ഇപ്പോഴത്തെ നിലവാരം 5.0
Post CommentsPost Comments
ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത