An IIPM Initiative
Monday, ഫെബ്രുവരി 8, 2016
 
 

ജൂറിയെ അല്‍ഭുതപ്പെടുത്തിയ അജ്ഞാതന്‍

 

കെ ആര്‍ രണ്‍ജിത്ത് | മെയ് 20, 2011 12:25
 

ഇന്നലെ വൈകീട്ട്, ശരിക്കും പറഞ്ഞാല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ പരക്കംപാച്ചിലാണ്. സലിംകുമാറിന്റെ ഒരു നല്ല പ്രൊഫൈല്‍ കിട്ടാന്‍. എങ്ങുമില്ല. പതിവുപോലെ വിക്കിപീഡിയയില്‍ നിന്ന് കുറച്ചു ചുരണ്ടി നോക്കി. അപ്പോഴേക്കും പത്രസുഹൃത്തുക്കളുടെ വിളിയെത്തി. എല്ലാവര്‍ക്കും വേണ്ടത് 'സലിംകുമാറിനെക്കുറിച്ച് എന്തെങ്കിലും..'
എവിടെ നിന്ന് കൊടുക്കാന്‍? മലയാള സിനിമയില്‍ ഫാന്‍ക്ലബും ഫാന്‍ വെബ്‌സൈറ്റുകളും ഒന്നുമുള്ള ആളല്ലല്ലോ. പോരാത്തതിന് 'കണ്ടാലൊരു ലുക്കുമില്ല'. സലിംകുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് മീശമാധവനില്‍ സലിംകുമാര്‍ വേഷമിട്ട കേസില്ലാവക്കീലിന്റെ ഈ 'ഡയലോഗാണ്': 'കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, ഞാനൊരു സംഭവാ...' അറിയാതെ ചിരിച്ചുപോയി. മലയാളത്തില്‍ നിന്നൊരു അജ്ഞാതന്‍ വന്ന് ദേശീയ ചലച്ചിത്രഅവാര്‍ഡും റാഞ്ചിക്കൊണ്ടുപോകുന്നത് കണ്ട് അവസാന റൗണ്ടില്‍ പുറത്തായ ഷാരൂഖ് ഖാന്‍ പോലും അന്തിച്ചുനിന്നുകാണും. (അതിന്റെ ചൊരുക്ക് അറിയണമെങ്കില്‍ ഡെല്‍ഹി പത്രങ്ങള്‍ കാണണം. സലിംകുമാറും ധനുഷുമൊന്നും ചിത്രത്തിലേയില്ല, ആദാമിന്റെ മകന്‍ അബു ആ പരിസരത്തെങ്ങുമില്ല. സല്‍മാന്‍ ഖാന്റെ  ദബംഗ് ആണ് പത്രങ്ങളുടെ ആഘോഷം.)
പക്ഷേ, അവാര്‍ഡ് നിര്‍ണയക്കമ്മിറ്റിക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ആദാമിന്റെ മകന്‍ അബുവില്‍ സലിംകുമാര്‍ അഭിനയിക്കുകയായിരുന്നില്ലെന്നാണ് ജൂറി ചെയര്‍മാന്റെ വിലയിരുത്തല്‍. ചിത്രം അവസാനം വരെ ജൂറി അംഗങ്ങളെ പിടിച്ചിരുത്തി എന്നാണ് അദ്ദേഹം തുറന്നുസമ്മതിച്ചത്. സലിംകുമാറും ധനുഷും അവസാന റൗണ്ടില്‍ ഒരേ നിലയിലെത്തിയപ്പോള്‍ രണ്ടു പേര്‍ക്കുമായി അവാര്‍ഡ് വീതിക്കുന്നതിനു പകരം, പ്രത്യേകം പ്രത്യേകം പരിഗണിക്കണമെന്ന് വാര്‍ത്താവിതരണ മന്ത്രിയോട് അഭ്യര്‍ഥിച്ചതായി ജൂറി ചെയര്‍മാന്‍ ജെ.പി. ദത്ത പറഞ്ഞു.
അധികം വൈകാതെ സലിംകുമാറിന്റെ കമന്റ് വന്നു. 'കേരളത്തില്‍ നിന്ന് ആരും ജൂറിയായി ഇല്ലാതിരുന്നത് അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ സഹായകമായി. അങ്ങനെ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നേനെ.' മിമിക്രിക്കാലം മുതല്‍ സലിംകുമാറിനൊപ്പമുണ്ടായിരുന്ന ദിലീപും ഇതേ അഭിപ്രായം പങ്കുവെച്ചു. ജൂറിയില്‍ മലയാളികളുണ്ടായിരുന്നെങ്കില്‍ മിമിക്രിക്കാരനെന്ന് പറഞ്ഞ് തള്ളിയേനെ എന്ന്. തനിക്ക് ലഭിച്ച പുരസ്‌കാരം കോമഡിവേഷങ്ങള്‍ മാത്രം ചെയ്യാന്‍വിധിക്കപ്പെട്ട നടന്മാര്‍ക്കുള്ള പ്രചോദനമായി മാറട്ടെയെന്നും അങ്ങനെ പല വിഗ്രഹങ്ങളും ഉടയട്ടെയെന്നും സലിംകുമാറിന്റെ പ്രസ്താവനയ്ക്കുമുണ്ട് ചിരിക്കപ്പുറമുള്ള ചില മാനങ്ങള്‍.
എന്തൊക്കെപ്പറഞ്ഞാലും സലിംകുമാര്‍ എന്നാല്‍ മലയാളിക്ക് ചിരി തന്നെയാണ്.  ചിലപ്പോള്‍ അത് ചിരിയുടെ വരമ്പുകള്‍ കവച്ചുകടന്ന് ഒരു 'വൃത്തികെട്ട ചിരി 'യുമാകും. ചില കോമഡികള്‍ അസഹനീയമാണെന്ന് സമ്മതിച്ചേ മതിയാവു. കുറെയേറെ സിനിമകളില്‍ പിന്നാമ്പുറംകൊണ്ട് അഭിനയിക്കാനായിരുന്നു സലിംകുമാറിന്റെ നിയോഗം. അത് മലയാളസിനിമയുടെ ദുര്യോഗം എന്നല്ലാതെ എന്തുപറയാന്‍. ആളുകളെ സീറ്റിലുറപ്പിച്ചിരുത്താന്‍ മലയാള സിനിമ നടത്തുന്ന ഈ പിന്നാമ്പുറപ്രയോഗം പക്ഷേ, സലിംകുമാറിന്റെ മാത്രം പ്രയോഗവുമല്ല.  
മിമിക്രിയും ഹാസ്യവും കോമഡിയും പരിഹാസവുമെല്ലാം ഭേദമില്ലാതെ കുഴഞ്ഞളിഞ്ഞു കിടക്കുന്നിടത്താണ് നവരസങ്ങള്‍ക്കൊപ്പം പച്ചാളം ഭാസിയുടെ മൂന്ന് 'രസങ്ങള്‍' കൂടി കടന്നുവരുന്നത്. മലയാള സിനിമയുടെ മിമിക്രിയുടെയും കോമഡിയുടെയും ഹാസ്യ്ത്തിന്റെയും സ്ഥായീഭാവങ്ങള്‍ 'പശു അയവെട്ടുന്ന പോലെ'യുള്ള ആ 'അധികരസങ്ങള്‍' ആണ്. അതില്‍ നിന്ന രക്ഷനേടാന്‍ മിമിക്രി പാരമ്പര്യം സലിംകുമാറിനെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ മീശമാധവനിലെ വക്കീലിനെ സൃഷ്ടിച്ച അതേ ലാല്‍ ജോസ് തന്നെ 'അച്ഛനുറങ്ങാത്ത വീട്ടിലെ' സാമുവലിനെയും സലിംകുമാറിന് നല്‍കി. മൂന്ന് പെണ്‍മക്കളുടെ പിതാവിന്റെ ആധിയും ലില്ലിക്കുട്ടിയെ പ്രേമിക്കുന്ന പ്രഭാകരന്റെ പ്രണയവും ലാല്‍ ജോസ് സലിംകുമാറിനെ തികഞ്ഞ ബോധ്യത്തോടെ ഏല്‍പിച്ചു. സംവിധായകന്‍ വിശ്വസിച്ചേല്‍പ്പിച്ച ജോലി അല്‍ഭുതകരമായ കൃത്യതയോടെയാണ് സലിംകുമാര്‍ ചെയ്തുതീര്‍ത്തത്. ഒടുവില്‍ ജീവിതം കൈവിട്ടുപോകുമ്പോള്‍ ശൂന്യമായ മനസ്സോടെ, വികാരങ്ങളൊന്നും നനയ്ക്കാത്ത കണ്ണുകളോടെ സാമുവല്‍. കണ്ണുകളില്‍ പ്രണയവും ശൃംഗാരവും പരിഹാസവും കണ്ണീരും കോമാളിത്തവും നിറയ്ക്കുന്ന അത്രയും അനായാസമായി കണ്ണുകളെ വികാരരഹിതമായ ശൂന്യതയില്‍ ഉടക്കിനിര്‍ത്തുന്ന അപൂര്‍വ്വമായ പ്രകടനം 'അച്ഛനുറങ്ങാത്ത വീട്ടി'ല്‍ സലിംകുമാര്‍ പുറത്തെടുത്തു.
യാതൊരു ഔചിത്യവുമില്ലാതെ സംസാരിക്കുകയും ആര്‍ത്തിമൂത്ത് വെട്ടിവിഴുങ്ങുകയും ചെയ്യുന്ന മാപ്പിളയിലൂടെ പെരുമഴക്കാലം എന്ന ചിത്രത്തില്‍ വീണ്ടും സലിംകുമാര്‍. ആ കഥാപാത്രത്തിന് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എവിടെയും വലിഞ്ഞുകയറിവരുന്ന, സാഹചര്യങ്ങളൊന്നും ശ്രദ്ധിക്കാതെ സംസാരിക്കുന്നയാള്‍, വലിച്ചുവാരി തിന്നുന്ന പരാദജീവിതം. പക്ഷേ, അസഹ്യമായ സാന്നിദ്ധ്യമായി, ചിലപ്പോള്‍ ചിത്രത്തിന്റെ സ്ഥായിയായ ദൈന്യതയെ ഇരട്ടിയാക്കുന്ന വൈരുദ്ധ്യം കൊണ്ട്, സലിംകുമാറിന്റെ കഥാപാത്രം സിനിമയിലുടനീളം ചുറ്റിപ്പറ്റിനിന്നു. കോമാളി ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.
'കേരള കഫേ'യിലേക്ക് വരുമ്പോള്‍, സലിംകുമാര്‍ തികച്ചും മറ്റൊരാളായി മാറുന്നു. അമ്മയെ പോറ്റാനാവാതെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുപോരുന്ന നിസ്സഹായനായ ചെറുപ്പക്കാരനായാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചെറുചിത്രമായ 'ബ്രിഡ്ജി'ല്‍ സലിംകുമാര്‍ പ്രത്യക്ഷപ്പെടുന്നത്. പത്തുമിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം. പക്ഷേ, ആ അമ്മയെയും മകനെയും മറക്കാന്‍ കാലമേറെയെടുത്താലും കഴിയുമോ എന്നറിയില്ല. 'ആദാമിന്റെ മകന്‍ അബു' വിലും അദ്ദേഹം അതുതന്നെ ചെയ്തിരിക്കണം. ദേശീയ ജൂറിയെ അസ്വസ്ഥവും ആകുലവുമായ കാലത്തില്‍ പിടിച്ചിരുത്തിയത് മാറ്റുരയ്ക്കാനില്ലാത്ത ആ പ്രകടനം തന്നെയാവണം. എന്തായാലും മലയാള സിനിമയുടെ പിന്നാമ്പുറത്തുനിന്നും മുന്‍നിരയിലേക്ക് കയറിനില്‍ക്കുകയാണ് സലിംകുമാര്‍, തികഞ്ഞ ആധികാരികതയോടെ.
സലിംകുമാര്‍ പ്രതീക്ഷിക്കുന്നതുപോലെ അവാര്‍ഡുകള്‍ കൊണ്ട് വിഗ്രഹങ്ങള്‍ എറിഞ്ഞുടയ്ക്കാന്‍ കഴിയുമോ എന്നറിയില്ല. (സലിംകുമാറിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ 'തീപ്പെട്ടിക്കൊള്ളികൊണ്ട് കലാരൂപമുണ്ടാക്കുന്നവനുപോലും പത്മശ്രീ കൊടുക്കുന്ന നാടാ'ണല്ലോ നമ്മുടേത്.)പക്ഷേ, ഒന്നുറപ്പ്. ചില മുന്‍ധാരണകളും, ധാരണപ്പിശകുകളും തിരുത്താന്‍ ഈ അവാര്‍ഡുകൊണ്ട് കഴിയും.

 

ഈ രചന വിലയിരുത്തുക:
മോശം നല്ലത്    
ഇപ്പോഴത്തെ നിലവാരം 3.9
Post CommentsPost Comments
ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത