An IIPM Initiative
Saturday, ഏപ്രില് 30, 2016
 
 

വിശ്വാസികളുടെ സഖ്യം

 

എം രാജശേഖരപണിക്കര്‍ | Issue Dated: നവംബര് 30, -0001, കൊച്ചി
 

ഒരു നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിനെ രക്ഷിക്കാനുളള ബാദ്ധ്യത കോണ്‍ഗ്രസിനായിരിക്കുന്നു. 140 അംഗങ്ങളുളള നിയമസഭയില്‍ 72 അംഗങ്ങള്‍മാത്രമുളള യുഡിഎഫ് ഗവണ്‍മെന്‍റിനെ താങ്ങിനിര്‍ത്താന്‍ 20 സീറ്റുകളുളള മുസ്ലിം ലീഗിനെയും 9 സീറ്റുകളുളള കേരള കോണ്‍ഗ്രസിനെയും അനുനയിപ്പിച്ച് കൊണ്ട് നടക്കണം. അവരെ പിണക്കാതെ കൊണ്ടുനടക്കുക ശ്രമകരമായ ഒരഭ്യാസം തന്നെയാണ്.

അതിന്‍റെ ഫലമോ? 20-അംഗ മന്ത്രിസഭയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം 12 അംഗങ്ങള്‍! ഓര്‍ക്കുക, 56 ശതമാനം ഹിന്ദു ജനസംഖ്യയുളള സംസ്ഥാനത്ത്!

മുസ്ലിം ലീഗിന്‍റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയും കേരളാ കോണ്‍ഗ്രസ് (ജെ)യില്‍നിന്ന്  അനൂപ് ജേക്കബും ഏപ്രില്‍ 12-ാം തീയതി സത്യപ്രതിജ്ഞ ചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  “ന്യൂനപക്ഷങ്ങള്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞു” എന്നാണ്. ആ അടിയറവിന്‍റെ ആഘാതം കുറക്കാനും നായര്‍ വിഭാഗത്തെ പ്രീണിപ്പിക്കാനുമായി സ്വന്തമായി കൈകാര്യം ചെയ്തിരുന്ന സുപ്രധാനമായ ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈഴവരെ തൃപ്തിപ്പെടുത്താനായി അടൂര്‍ പ്രകാശിന്  റവന്യൂ വകുപ്പും നല്‍കി മുഖ്യമന്ത്രി മന്ത്രിസഭാ അഴിച്ചുപണി നടത്തി. ഈ മാറ്റങ്ങള്‍ കെപിസിസി പ്രസിഡന്‍റിനെയോ യുഡിഎഫ് ഘടകകക്ഷികളെയോ വിശ്വാസത്തിലെടുക്കാതെയാണ് ഉമ്മന്‍ ചാണ്ടി നടത്തിയത് എന്ന ആരോപണമുയര്‍ന്നു.

നഗ്നമായ ഈ പ്രീണനത്തിനെതിരെ പ്രതിപക്ഷം ഉടനെ പ്രതികരിച്ചു, ബിജെപിയാകട്ടെ തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തി, കോണ്‍ഗ്രസിനകത്തും അപസ്വരങ്ങളുണ്ടായി. യുഡിഎഫ് കണ്‍വീനര്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിമാരെ പരിഗണിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. “സ്ഥാനാര്‍ത്ഥികളും, മന്ത്രിമാരും അവരുടെ വകുപ്പുകളും മതനേതാക്കള്‍ തീരുമാനിക്കുന്നത് ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല,” അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി വര്‍ഗീയ വികാരം വളര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്  അച്യുതാനന്ദന്‍ ആരോപിച്ചു. ലീഗ് പറയുന്നതനുസരിച്ചാണ് ഭരണമെന്നും സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ ഇതില്‍ അത്ഭുതപ്പെടുകയാണെന്നും വിഎസ് പറഞ്ഞു. 

സര്‍ക്കാര്‍ നിയമനങ്ങളിലും വര്‍ഗീയ പരിഗണനയുണ്ട്. രാഷ്ട്രീയവും ഭരണവും മാത്രമല്ല വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയില്‍ സമീപകാലത്ത് നടന്ന ഭൂമി ഇടപാടുകളിലും ഇത് നിഴലിക്കുന്നുണ്ട്. അവിടെ ചെയറുകളും പഠനകേന്ദ്രങ്ങളും രൂപീകരിക്കുന്നതില്‍ വര്‍ഗീയതയുംടെയും സ്വജനപക്ഷപാതത്തിന്‍റെയും ചരിത്രമുണ്ട്. 1986ല്‍ ക്രിസ്ത്യന്‍ ചെയറും, 1988ല്‍ ഇസ്ലാമിക് ചെയറും, 2000ല്‍ ഇഎംഎസ് ചെയറും, 2004ല്‍ ഗാന്ധിയന്‍ ചെയറും, 2005ല്‍ സനാതന്‍ ധര്‍മ്മ പീഠവും, 2010ല്‍ സിഎച് ചെയറും രൂപീകരിച്ചു. സമീപകാലത്ത് 10 ഏക്കര്‍ ഭൂമി ഗ്രേയ്സ് എഡ്യൂക്കേഷന്‍ അസോസിയേഷന് അനുവദിക്കുകയുണ്ടായി. റിസര്‍ച്ച് സ്ഥാപനമായി വികസിപ്പിക്കുന്നതിനുവേണ്ടിയാണിത്. അതിന്‍റെ തലപ്പത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് പാണക്കാട് സയദ് ഹൈദരാലി തങ്ങള്‍ ആണ്. ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിന്‍റെ കീഴിലുളള ബാഡ്മിന്‍റന്‍ ഡെവലപ്മെന്‍റ് ട്രസ്റ്റിന് മൂന്ന് ഏക്കറും ലീഗിന്‍റെ മറ്റൊരു മന്ത്രി എം.കെ.മുനീറിന്‍റെ ബന്ധു സെക്രട്ടറിയായിട്ടുളള കേരള ഒളിമ്പിക് അസോസിയേഷന് 30 ഏക്കറുമാണ് അനുവദിച്ചത്. 

ഭൂമി ഇടപാടുകളില്‍ ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ തലപ്പത്തുളളതാണെന്നത് യൂണിവേഴ്സിറ്റിയുടെ ഭൂമി തട്ടിയെടുക്കാനുളള ഒരു മറയാണ് ഈ ട്രസ്റ്റുകള്‍ എന്ന ആരോപണം ബലപ്പെടുത്തുന്നു. “ട്രസ്റ്റുകള്‍ക്ക് പിറകിലെ രാഷ്ട്രീയ ബന്ധങ്ങള്‍ യാദൃശ്ചികം മാത്ര”മാണെന്നാണ് കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.അബ്ദുള്‍ സലാം പറയുന്നത്.

പക്ഷെ, ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഈ ട്രസ്റ്റുകള്‍ക്കായി അനുവദിച്ച 43 ഏക്കര്‍ ഭൂമി ഇടപാട് കോഴിക്കോട് സര്‍വ്വകലാശാല സിണ്ടിക്കേറ്റിന് ഏപ്രില്‍ 24-ാം തീയതി റദ്ദാക്കേണ്ടിവന്നു.
 
കോഴിക്കോട് സര്‍വകലാശാലയിലെ ഭൂമി ഇടപാടിനേക്കുറിച്ച് ഇന്ന് അന്വേഷണം ആവശ്യപ്പെടുന്ന സിപിഎമ്മും വര്‍ഗീയപ്രീണനങ്ങളുടെ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. മുസ്ലിം ഭൂരിപക്ഷമുളള മലപ്പുറം ജില്ല 1969ല്‍ രൂപീകരിച്ചതുതന്നെ സിപിഎം നേതൃത്വത്തിലുളള സര്‍ക്കാരായിരുന്നു. ലീഗുമായി പിരിഞ്ഞശേഷം ആ സമുദായത്തിലെ ആളുകളെ കൈയിലെടുക്കാന്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണ്ണാടക ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മാഅദ്നിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ (പിഡിപി) സിപിഎം പിന്തുണച്ചു. എട്ട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ട 2003ലെ മാറാട് കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതിനെ എതിര്‍ത്തത്
സിപിഎം ആയിരുന്നു. എല്‍ഡിഎഫ് 2007ല്‍ നിയമിച്ച പാലൊളി കമ്മീഷന്‍ മുസ്ലിങ്ങള്‍ക്ക് ഉദ്യോഗത്തില്‍ സംവരണം നിര്‍ദ്ദേശിച്ചു. മുസ്ലിം വോട്ടില്‍ കണ്ണുനട്ട് അലിഗര്‍ യൂണിവേഴ്സിറ്റിയുടെ ഒരു സെന്‍റര്‍ മലപ്പുറത്ത് സ്ഥാപിക്കാന്‍ 2010ല്‍ അനുമതി നല്‍കി.

വര്‍ഷങ്ങളായി തുടരുന്ന ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രീണനത്തിന്‍റെ ക്രമാനുഗതമായ വളര്‍ച്ചയുടെ ഫലമായി  കെ.എം മാണിയും പി.ജെ. ജോസഫും ക്രിസ്ത്യന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി
നിലകൊളളുകയും പളളിയുടെ അനുഗ്രഹാശംസകളോടെ  സ്ഥാനാര്‍ത്ഥികളെ  നിര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
ജൂണില്‍ നെയ്യാറ്റിനകര ഉപതെരഞ്ഞെടുപ്പ്  വരുന്നതോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വീണ്ടും സമുദായക്കാര്‍ഡ് കളിക്കുകയാണ്. എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും അനുനയിപ്പിക്കാനുളള യുഡിഎഫിന്‍റെ ശ്രമങ്ങള്‍
ഇതുവരെ വിജയം കണ്ടിട്ടില്ല.

സമുദായികശക്തികള്‍ അവസരം മുതലാക്കി സടകുടഞ്ഞെഴുന്നേറ്റിരിക്കയാണ്. വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് മുഖ്യമന്ത്രിയെ നിയോജകമണ്ഡലത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന് പറയാന്‍ നാടാര്‍ സമുദായ സംഘടനയായ വി എസ്ഡി പി എസിന്‍റെ നേതാവിന് തന്‍റേടമുണ്ടായി. അത് തണുപ്പിക്കാന്‍ കെപ്സിസി പ്രസിഡന്‍റ് നേരിട്ട് ഇടപെടേണ്ടിവന്നു. പിറവത്ത് യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുകയുണ്ടായി.

മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കി  ഹിന്ദുക്കളോടുളള അവഗണന വോട്ടാക്കി മാറ്റാമെന്നാണ് ബിജെപി കരുതുന്നത്. “സംഘടിതമതവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയാണ്. രണ്ടു മുന്നണികളുടേയും ഭരണത്തില്‍ ഹിന്ദുക്കള്‍ രണ്ടാംതരം പൌരന്മാരായിരിക്കയാണ്,” രാജഗോപാല്‍ പറയുന്നു.

സമുദായങ്ങളും മതങ്ങളും സംസ്ഥാന സര്‍ക്കാരിനെയും രാഷ്ട്രീയത്തേയും വിവിധ ദിശകളിലേക്ക് പിടിച്ചു വലിക്കുകയും പ്രീണനം അവരുടെ അജണ്ടയാവുകയും ചെയ്യുമ്പോള്‍ സംസ്ഥാനഭരണം ഏത് ദിശയിലേക്കായിരിക്കമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉളളു.

ഈ രചന വിലയിരുത്തുക:
മോശം നല്ലത്    
ഇപ്പോഴത്തെ നിലവാരം 0
Post CommentsPost Comments
ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത